വൈ. എം. സി. എ., ഗിദെയൻസ്, ഒ. എം. തുടങ്ങിയ ആഗോളവ്യാപ്തിയുള്ള ക്രൈസ്തവപ്രസ്ഥാനങ്ങൾ സ്ഥാപിച്ച വ്യക്തികളെ പ്രകീർത്തിച്ചുണ്ടുള്ള ഒരു തകർപ്പൻ പ്രസംഗം കഴിഞ്ഞു തുടർന്നു പ്രസംഗിച്ച വ്യക്തി സദസ്സിനോടു ചോദിച്ചു എന്തു കൊണ്ടാണ് ഇതു പോലുള്ള വ്യക്തികൾ ഇന്ത്യയിൽ ഇല്ലാതെ പോയത് എന്ന്. നമുക്ക് എന്തു കൊണ്ട് വില്യം കേരിക്കും ജോർജ് മുള്ളറിനും സമാനമായ ക്രൈസ്തവ പ്രതിഭകൾ ഇല്ലാതെ പോയത്, എന്നാണ് അത്തരം ഒരു പ്രതിഭ ഉണ്ടാവുക എന്ന ചോദ്യങ്ങൾ എല്ലാവരിലും കുറച്ചു സമയം എന്നിലും അപകർഷതാ ബോധം ഉളവാക്കാൻ മതിയായതായിരുന്നു.
പിന്നീട് എനിക്കുണ്ടായ വീണ്ടു വിചാരമാണ് ഇവിടെ കുറിക്കുന്നത്.
സൂര്യൻ കിഴക്കു ഉദിക്കുന്ന എന്ന പൊതു ധാരണ പോലെ, എല്ലാ നല്ല കാര്യങ്ങളും പടിഞ്ഞാറാണ് ആരംഭിക്കുന്നത് എന്ന ക്രൈസ്തവരുടെ മിഥ്യാധാരണ കാരണം, നമ്മുടെ മുറ്റത്തുള്ള മുല്ലകളെ നാം അവഗണിക്കുന്നു എന്നതാണ് സത്യം.
1805ൽ ജനിച്ച് 26 വയസ്സു മാത്രമുള്ളപ്പോൾ CMI എന്ന സന്യാസസഭയിലൂടെ ഇന്ന് സർവകലാശാലകളടക്കം (Christ University) 30 ൽ പരം വിദ്യാഭാസ സ്ഥാപനങ്ങളും, 48 ആശുപത്രികളും, 129 സാമൂഹ്യസേവന കേന്ദ്രങ്ങളും, ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രവും, 13 ആനുകാലീക പ്രസിദ്ധീകരണങ്ങളും, ഒരു ദിനപത്രവും സ്ഥാപിക്കുന്നതിനു കാരണഭൂതനായ ബഹൂമാന്യനായ ചാവറ അച്ചൻ ഇന്ത്യ കണ്ട ക്രൈസ്തവ പ്രതിഭയല്ലേ. അദ്ദേഹം ഒരു കത്തോലിക്കനായതു കൊണ്ട് അകത്തോലിക്കർക്കു അപ്രിയനാണെങ്കിലും പ്രതിഭയല്ലാതാകുന്നില്ല. അതേ സമയം വിശ്വാസം കൊണ്ട് കത്തോലിക്കാ വിശ്വാസിയും, ജനനം കൊണ്ട് യൂറോപ്പ്കാരിയുമായ മദർ തെരേസയെ പ്രകീർത്തിക്കുന്ന അകത്തോലിക്കർ എന്തു കൊണ്ട് സ്വദേശീയ പ്രതിഭയാ കത്തോലിക്കനായ ചാവറ അച്ചനെ അവഗണിക്കുന്നു.
1835 ൽ ജനിച്ച്, പിന്നീട് യുസ്തൂസ് യോസേഫ് എന്ന പേരിൽ അറിയപ്പെട്ട പാലക്കാട്ടുകാരൻ തമിഴ് ബ്രാഹ്മണൻ കേരളത്തിൽ വലിയ ഉണർവിന്റെ കാരണക്കാരനായിരുന്നു. പ്രഭാഷകനും ഗാന രചിയാതാവുമായിരുന്ന അദ്ദേഹം അറിയപ്പെടുന്നത് ജീവിത അവസാനത്തിൽ സംഭവിച്ച ഒരു പിഴവിന്റെ പേരിലാണ്. പക്ഷെ അദ്ദേഹം മലയാളത്തിൽ എഴുതിയ പാട്ടുകൾ ക്രൈസ്തവ ആരാധനകളിൽ നിന്നു മാറിപോയിട്ടില്ല. അനേകം സവർണരെ ക്രിസ്തുവിലേക്കു ആനയിച്ച ഈ പ്രതിഭയെ നാം വിസ്മരിക്കുകയും, തമിഴ് ബ്രാഹ്മണരെ നേടാൻ ജാതീയത പാലിച്ച ഇറ്റ്ലിക്കാരൻ ഡിനോബിലി എന്ന കത്തോലിക്കൻ അകത്തോലിക്കരുടെ സെമിനാരികളും പഠന വിഷയമാണ്.
ഇതു പോലെ 19, 20, 21 നൂറ്റാണ്ടിൽ ഭാരതം കണ്ട അനവധി ക്രൈസ്തവ പ്രതിഭകളെ നാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്. വില്യം കേരി ചെയ്ത മറാഠി ബൈബിൾ ഒരു വികല പരിഭാഷയാണെന്നു കണ്ടെത്തി ആ ഭാഷയിൽ ഒരു മറു പരിഭാഷയുണ്ടാക്കിയ സാമൂഹ്യപ്രവർത്തകയായിരുന്ന പണ്ഡിത രമാബായി എന്ന വിധവ. മറാത്തിഭാഷയിൽ കൃഷ്ണദേവനെ സ്തൂതിച്ചു നൂറുകണക്കിനു ഭക്തികവിതകളെ എഴുതിയ ശേഷം വാമൻ തിലക് എന്ന ബ്രാഹ്മണൻ ഭക്തി പ്രസ്ഥാനമെന്ന പാലത്തിലൂ0ടെ നടന്നു തനിക്കു വ്യക്തിപരമായി അറിയാത്ത ക്രിസ്തുവിനെ പുകഴ്തി പാടി പാടി ക്രിസ്തു വിന്റ ശിഷ്യനായി. അദ്ദേഹം എഴുതിയ ക്രൈസ്തവ ഗാനങ്ങളാണ് മറാത്തി ക്രൈസ്തവശസഭകൾ ഇന്നും പാടി ആരാധിക്കുന്നത്. കഴിഞ്ഞു പോയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രൈസ്തവവിശ്വാസം സ്വീകരിച്ച് പിന്നീടു ഒരു പെന്തക്കോസ്തു സഭ സ്ഥാപിച്ച രാമൻകുട്ടി (പാസ്റ്റർ പോൾ) എന്ന മലയാളി ഒരു വീട്ടു ജോലിക്കാരനായിരുന്നു. പക്ഷെ അദ്ദേഹം സ്ഥാപിച്ച, ഇന്നു കേരളത്തിൽ The Pentecostal \Mission എന്ന പേരിൽ അറിയപ്പെടുന്ന ക്രൈസ്തവ സഭക്ക് നാലിലധികം ഭൂഖണ്ഡങ്ങളിലായി തദ്ദേശീയരുടെ ഇടയിൽ 16 ബ്രാഞ്ചുകൾ ഉണ്ട്. ദക്ഷിണേഷ്യയിലെ ഒരു സഭക്കും ഇതിനു സമാനമായ ഒരു ചരിത്രം പറയാനില്ല.
സ്വദേശീയരെ അവഗണിക്കുകയും പാശ്ചാത്യർക്ക് അവർ അർഹിക്കുന്നതിലധികം അംഗീകാരം നൽകുകയും ചെയ്യുന്നത് ഭാരതത്തിലെ ക്രൈസ്തവരുടെ മാത്രം സ്വഭാവമാണെന്നു എനിക്കു തോന്നിയിട്ടുണ്ട്. മലേഷ്യയിലെ ഒരു എഞ്ചിനീയർ ഞാൻ ഒരു ഇന്ത്യാക്കാരനാണെന്നു തിരിച്ചറിഞ്ഞപ്പോൾ IIT പ്രൊഫസർമാർ എഴുതിയ പുസ്തമായിരുന്നു താൻ പഠിച്ചതെന്നു പറഞ്ഞത് പുളകത്തോടെയാണ് കേട്ടത്. പണ്ട് പാക്കിസ്ഥാനിയായ ഒരു മെഡിക്കൽ വിദ്യാർത്ഥി All India Institute of Medical Sciences നെ പ്രകീർത്തിച്ചു പറഞ്ഞത് ഞാൻ ഓർ്ക്കുന്നു. സാങ്കേതിക രംഗത്ത് ഗൂഗിളും, മൈക്രോസോഫ്റ്റും മറ്റു പരും ഇന്ത്യൻ പ്രതിഭ കളെ തിരിച്ചറിഞ്ഞു. രാഷ്ട്രീയ രംഗത്ത് ഒരു പക്ഷെ അടുത്ത മാസം ഒരു ഇന്ത്യൻ വംശജ ലോകത്തിലെ ഏറ്റവും പ്രധാനശക്തിയായ ഐക്യനാടുകളെ ഭരിക്കുന ആദ്യത്തെ സ്ത്രീ കൂടെന്നില്ല.
എന്നിട്ടും ഭാരതകിസ്താനികൾ പലരും മുറ്റത്തെ മുല്ലപൂക്കൾ കണ്ടില്ലെന്നു നടിക്കുന്നു, അബദ്ധത്തിൽ കണ്ടുപോയാൽ തല തിരിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്.