നാം വിശ്വസിക്കുന്ന തത്വങ്ങൾ മാത്രമാണ് വിശ്വാസം എന്നതു പരിമിതമായ ഒരു ധാരണയാണ്. അതിലും വിപുലമായ അർത്ഥം അതിനുണ്ട്.
വിശ്വാസം എന്നത് കൂറു പ്രഖ്യാപിക്കലാണ്. നാം ഏതു ചേരിയിലാണെന്നു
തീരുമാനിക്കുന്നതാണിത്. ഉദാഹരണത്തിന് പത്രോസിന്റെ കാര്യമെടുക്കുക. യേശു അവനെ
വിളിച്ചപ്പോൾ എന്തെങ്കിലും ഒരു തത്വം ശരിയാണെന്നു സമ്മതിക്കുക മാത്രമാണോ പത്രോസ് ചെയ്തത്? യേശുവിലുള്ള വിശ്വാസം
മൂലം തന്റെ പിതാവിനെയും വഞ്ചിയും വലയും തനിക്കുള്ളതൊക്കെയും അവനു ഉപേക്ഷിക്കേണ്ടി വന്നു.
ഗലീല തടാകവും, കുടുംബബന്ധങ്ങളും, സുഹൃത്ത് വലയങ്ങളും വിട്ട് യേശുവിന്റെ ചേരിയിലേക്കു
കൂറു മാറ്റുകയാണ് പത്രോസ് ചെയ്തത്. അവൻ പൂർണമായും യേശുവിന്റേതായി മാറി.
യാക്കോബ്, യോഹന്നാൻ, പൗലോസ് മുതൽ ആദിമ ശിക്ഷ്യന്മാർ എല്ലാവരും ഇതു തന്നെയാണ്
ചെയ്തത്. അവരുടെ ബന്ധങ്ങളും കടപ്പാടുകളും, കൂറും അവർ കൃസ്തുവിനു വേണ്ടി പുനഃക്രമീകരിച്ചു.
അങ്ങനെ അവർ പൂർണ്ണമായും യേശുവിന്റെ പക്ഷത്തായി.
“രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം?” ഫിലിപ്പിയിലെ കാരാഗൃഹ
പ്രമാണി ഭയചകിതനായി തടവുകാരായ പൗലോസിനെയും ശീലാസിനെയും നോക്കി അലറിക്കരഞ്ഞു. “രക്ഷ പ്രാപിക്കുക” എന്നതുകൊണ്ട് എന്താണ്
അവൻ ഉദ്ദേശിച്ചത്? ലോകത്തിന്റെ രക്ഷകനായ യേശുവിനെക്കുറിച്ചു പൗലോസ് പ്രസംഗിക്കുന്നത് അയാൾ
കേട്ടിരിക്കാം. പക്ഷെ റോമാ സാമ്രാജ്യത്തിന്റെ ജീവനക്കാരൻ എന്ന നിലയിൽ കൈസരാണ് കർത്താവെന്ന
(Caesar is Lord) തത്വം അനുസരിക്കാൻ അയാൾ ബാദ്ധ്യസ്ഥനായിരുന്നു. അതായത്
റോമൻ പൗരൻ എന്ന നിലയിലും, റോമാൻ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥൻ എന്ന നിലയിലും
അദ്ദേഹത്തിന്റെ കൂറ് ചക്രവർത്തിയായ കൈസറോടായിരുന്നു.
പൗലോസിന്റെ മറുപടി ഏതെങ്കിലും ഉപദേശസംഹിതയിൽ വിശ്വസിക്കാനല്ല,
മറിച്ച് ഒരു വ്യക്തിയിൽ വിശ്വസിക്കൂ എന്നായിരുന്നു. “കർത്താവായ
യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും
രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു” (അപ്പോ. 16.31).
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വ്യക്തിയെ വിശ്വസിക്കുക
(തത്ത്വങ്ങളിലല്ല). കൈസര്യരുടെ യജമാനത്വത്തിനു എതിരായി യേശുവിന്റെ യജമാനത്വം
സ്വീകരിക്കുക എന്നതാണ് ഇതിന്റെ അർത്ഥം.
സുവിശേഷത്തിന്റെ സാരാംശം പാപങ്ങളുടെ ഏറ്റുപറച്ചിൽ, യേശുവാണ്
കർത്താവെന്ന് ഏറ്റുപറയൽ എന്നിവയാണ്. “ശിഷ്യരാക്കുക” എന്ന ക്രിസ്തുവിന്റെ
കല്പന തികഞ്ഞ അനുസരണത്തോടെ ആദ്യ ശിക്ഷ്യൻമാർ ചെയ്തു. യേശുവിന്റെ ഉപദേശങ്ങളെ തത്വത്തിൽ
അംഗീക്കുക മാത്രമല്ല, യേശുവിന്റെ അനുഗാമികളാക്കുക എന്നതായിരുന്നു അവർ പ്രസംഗിച്ച സുവിശേഷം.
യേശുക്രിസ്തു മാനവരാശിയിൽ നിന്നു ആവശ്യപ്പെടുന്നത് വിശ്വാസികളെയല്ല, തന്നെ പിൻപറ്റുന്നവരെയാണ്.
എന്നിരുന്നാലും, ഈ കൂറ് മാറ്റത്തിൽ വിശ്വാസ
സത്യങ്ങൾ ഇല്ലെന്നില്ല. ദൈവം യേശുവിനെ ഈ ലോകത്തിലേക്കു അയച്ചിരിക്കുന്നു എന്നു വിശ്വസിക്കേണ്ടതുണ്ട്.
യേശു മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നും വിശ്വസിക്കണം. എല്ലാ മനുഷ്യരും
പാപിയാണെന്നും എല്ലാവർക്കും ഒരു രക്ഷകനെ ആവശ്യമാണെന്നും, ആ രക്ഷകൻ ദൈവമായ യേശുവാണ്
എന്നും അംഗീകരിക്കണം.
തിമൊഥെയൊസിന് പൗലോസ് എഴുതിയ ആദ്യ ലേഖനത്തിൽ ഇത് വളരെ
നന്നായി സംഗ്രഹിച്ചിരിക്കുന്നു:
“അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു
പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ
എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു” (1 തിമൊ 3:16).
പക്ഷെ മുൻ പരിഗണന യേശുവിനോടുള്ള കൂറാണ്. അതു സാധ്യമാക്കാനാണ്
മേൽ പറഞ്ഞ അടിസ്ഥാന സത്യങ്ങളെ അംഗീകരിക്കുന്നത്. അനുദിനം ഈ കൂറ്, അഥവാ പ്രതിബദ്ധത പരിപോഷിക്കപ്പെടുന്നു.
കർത്താവിന്റെ ഉപദേശങ്ങളിൽ വ്യക്തി ബന്ധത്തിൽ അടിസ്ഥിതമായ
വിശ്വാസത്തിനു ഊന്നൽ നൽകിയിരുന്നു. അതുകൊണ്ടാണ് തന്നിൽ ആശ്രയിക്കുന്നവരെ “എന്റെ ആടുകൾ” എന്നും ശിഷ്യന്മാരെ
“സ്നേഹിതന്മാർ” (യോഹ. 15.14) എന്നും
വിളിച്ചത്.
ക്രിസ്തുവിലുള്ള വിശ്വാസം അടിസ്ഥാനപരമായി ക്രിസ്തുവുമായുള്ള
കറയറ്റ ബന്ധമാണ് അല്ലാതെ മറ്റു മതങ്ങളിലെ പോലെ വിശ്വാസ സംഹിതകളുടെ വക്താക്കളാകുന്നതല്ല.
വിശ്വാസ സംഹിതകളുടെയും അനുഷ്ഠാനങ്ങളുടെയും
അടിസ്ഥാനത്തിൽ മാത്രം ക്രിസ്തീയ ആത്മീയതയെ സങ്കൽപ്പിക്കുമ്പോൾ, ലോകവും അതിന്റെ
പാപവ്യവസ്ഥകളുമായും ഉള്ള അവിശുദ്ധ കൂട്ടുകെട്ടുകളെ നാം അവഗണിക്കുന്നു. ഇത്തരം ബന്ധങ്ങളുടെ
വിച്ഛേദനവും, ക്രിസ്തുവിനോടുള്ള അവിഭാജ്യമായ കൂറും കൂടിയാലേ അർത്ഥവത്തായ ക്രിസ്താനുഭവം
സാധ്യമാകുകയുള്ളു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്.