മെയ് മാസം 15നു ബാംഗ്ളൂരിൽ വെച്ചു 74 വയസ്സിൽ ഏകദേശം 50 വർഷക്കാലം ക്രൈസ്തവ സുവിശേഷ രംഗത്ത് മായാ മുദ്ര പതപ്പിച്ച ശേഷം ക്രിസ്തുവിൽ നിര്യാതനായ പി. എം. ഭക്തവൽസലനെ സ്മരിക്കുന്ന ഈ സന്ദർഭത്തിൽ, കേരളത്തിലെ സംഗീത പാരമ്പര്യത്തിന്റെ ഭൂപടത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം നിർണയിക്കാൻ ഒരു ശ്രമം നടത്തുകയാണിവിടെ.
ക്രൈസ്തവ സഭയുടെ സംഗീതത്തിന്റെ രണ്ടായിരം ആണ്ടിന്റെ ചരിത്രത്തെ രണ്ടു പ്രധാന സംഗീത പാരമ്പര്യത്തിന്റെ കൈവഴികളും അവയുടെ പിരിവുകളുമായി സങ്കല്പിക്കാം. ആദിമ ക്രൈസ്തവ സഭകൾ അവരുടെ കൂട്ടായ്മകളിൽ യെഹൂദ ആരാധനക്കു ഉപയോഗിച്ചു കൊണ്ടിരുന്ന സങ്കീർത്തനങ്ങളിൽ നിന്നും, അവരവർക്കു ലഭിച്ച ആത്മ പ്രേരണ പ്രകാരം അതതു സമയങ്ങളിൽ രചിച്ച ഗാനങ്ങളും പാടിയിരുന്നു എന്നാണ് സഭാ പിതാക്കന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചിലതെല്ലാം എഴുതപ്പെട്ട സുവിശേഷങ്ങളിലും ലേഖനങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
ഗാന രചനക്കു പുറമെ സംഗീതത്തിനു
ആരാധനയിലെ പങ്കിനെ സംബന്ധിച്ച് രണ്ടു വ്യത്യസ്ത സമീപനമാണ് പൌരാണിക ക്രൈസ്തവ സഭ
പുലർത്തി വന്നത്. പൌരസ്ത്യ പിതാക്കന്മാർ, ജാതീയ സ്വാധീനം, പ്രത്യേകാൽ യവന സംസ്കാരം,
സഭയിലേക്കു നുഴഞ്ഞു കയറുന്നതു തടയുന്നതിന്റെ ഭാഗമായി ഉപകരണ സംഗീതം ആരാധനയിൽ
ഉപയോഗിക്കുന്നതു വിലക്കി. അതു കൊണ്ടാണ് ഓർത്തഡോക്സ് സഭാപാരമ്പര്യത്തിൽ ആരാധനയിൽ ഇന്നും
വാദ്യോപകരണങ്ങൾ ഉപയോഗിക്കാത്തത്. പക്ഷെ പാശ്ചാത്യ സഭാപിതാക്കന്മാർ ഇത്തരം വിലക്കു
കല്പിച്ചില്ല. അതു കൊണ്ട് കത്തോലിക്കാ സഭയിൽ പാട്ടു കുർബാന അനുവദനീയമാണെങ്കിലും,
ഓർത്തഡോക്സ് പാരമ്പര്യത്തിൽ വാദ്യോപകരണങ്ങൾ കുർബാനയിൽ ഇന്നും നിഷിദ്ധമായത്.
പാശ്ചാത്യ സഭാ പാരമ്പര്യത്തിന്റെ
പിന്തുടർച്ചക്കാരായ ആംഗ്ലിക്കൻ സമൂഹങ്ങളും, മെതഡിസ്റ്റ് തുടങ്ങിയ ക്രൈസ്തവ സഭകളും
ക്രൈസ്തവസംഗീതത്തെ പ്രധാനമായും പൈപ് ഓർഗൻ, മറ്റു വാദ്യോപകരണങ്ങൾ ഉപയോഗിച്ചു
പാടുന്ന സംഗീത സംഘങ്ങളെ പരിപോഷിപ്പിച്ചു. അതിന്റെ പിൻ തലമുറക്കാരായി നിരവധി
ക്രൈസ്തവ സംഗീത സമ്പ്രദായങ്ങൾ നിലവിൽ വന്നു.
പൌരസ്ത്യ സഭകളുടെ സംഗീത
സമ്പ്രദായമാണ് കേരളത്തിൽ, യൂറോപ്പ്യൻ കൊളാണിയൻ മിഷണറിമാരുടെ വരവു വരെയും
നിലനിന്നിരുന്നത്. യൂറോപ്യൻ മിഷണറിമാർ അവരുടെ പ്രവർത്തന മണ്ഡലങ്ങളിലെല്ലാം
പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യം പ്രചാരത്തിൽ വരുത്തി. ഇംഗ്ലീഷിലും, ജർമൻ
ഭാഷയിലുമുള്ള ഗാനങ്ങൾ അതേ ട്യൂണിൽ ഓർഗനോ, പിയോനോയോ, അതിനു വകയില്ലെങ്കിൽ ചവിട്ടു
ഹാർമോണിയമോ വെച്ചു പാടുന്ന പാരമ്പര്യം മിഷണറിമാർ സ്ഥാപിച്ച സഭകളിൽ നിലവിൽ വന്നു.
അതേ സമയം, മിഷണറി സ്വാധീനം ഉണ്ടായിട്ടും, മർത്തോമാ സഭ സ്ഥാപിക്കപ്പെട്ടപ്പോൾ
പൌരസ്ത്യ ഓർത്തഡോക്സ് സംഗീത പാരമ്പര്യം തന്നെ പുലർത്തി വന്നു.
ഉണർവു പ്രസ്ഥാനങ്ങൾ കേരളത്തിൽ
ഉടലെടുത്തപ്പോൾ, അതു ക്രൈസ്തവ സംഗീതത്തിന്റെയും ഉണർവായിരുന്നു. തദ്ദേശീയമായ
ഗാനങ്ങൾ രചിക്കപ്പെടാൻ ഉണർവു പ്രസ്ഥാനങ്ങൾ കാരണമായി. ഈ പ്രസ്ഥാനത്തിനു പ്രധാനമായും
രണ്ടു ശാഖകളുണ്ടായിരുന്നു. ഒന്ന് യുസ്തുസ് യോസേഫ്, മഹാകവി സൈമൺ തുടങ്ങിയവർ
തുടങ്ങുകയും, സംമ്പുഷ്ടമാക്കുകയും ചെയ്ത ഒരു ശാഖയും, സാധു കൊച്ചു കുഞ്ഞ് ഉപദേശി
എന്നിവർ ധന്യമാക്കിയ ഒരു ശാഖയും. ആദ്യത്തെ ശാഖയുടെ ഭാഷയിൽ സംസ്കൃതം മുഴച്ചു
നിന്നിരുന്നു, സംഗീതത്തിൽ കർണാടിക് രുചിയും. ഈ ശാഖയിലെ ചില പാട്ടുകൾ സാധാരണക്കാർക്കു
മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും, സംഗീതം അപരിചതവും ആയതിനാൽ അവ കാല ക്രമേണ
ഉപയോഗത്തിൽ നിന്നും അപ്രത്യക്ഷമായി. മഹാകവി സൈമൺ രചിച്ച ഗാനങ്ങളിൽ എല്ലാം ക്രൈസ്തവ
സഭകളിൽ ഉപയോഗിക്കുന്നില്ല എന്ന കാര്യം ഓർക്കുക. ഏകദേശം ഈ കാലഘട്ടത്തിൽ തന്നെ
സാധാരണക്കാരന്റെ മലയാളത്തിലും, അവർക്കു പാടാൻ പരിചിതമായ രീതിയിലും ഒരു ഗാന
പ്രസ്ഥാനമുണ്ടായത്. അതിനെ സമ്പുഷ്ടമാക്കിയ പലരിൽ ഉദാഹരണത്തിനു വേണ്ടി മാത്രം സാധു
കൊച്ചു കുഞ്ഞ് ഉപദേശിയെ ചുണ്ടി കാണിക്കാം.
പൌരാണിക പൌരസ്ത്യ സഭയുടെ ഗാനങ്ങൾ
പള്ളിക്കകത്തും, അതു പാടാൻ പരിചയം നേടിയ പുരോഹിതന്മാരുടെ കുത്തകയും ആയിരുന്ന
കാലത്തും, ആധുനീക കൊളോണിയിൻ മിഷണറി സഭകളുടെ ആരാധനാ ഗീതങ്ങൾ സാങ്കേതിക കാരണങ്ങളാൽ
പള്ളിക്കകത്തായി കുടുങ്ങിപോയ കാലത്തുമാണ് ഉണർവു പ്രസ്ഥാനങ്ങളുടെ ചുവടു
പിടിച്ചുണ്ടായ ഈ രണ്ടു ശാഖകൾ കേരളത്തിലെ ക്രൈസ്തവരുടെ സ്വന്തമായത്.
പക്ഷെ ഉപകരണ സംഗീതം (ഒരു പരിധി
വരെ ഹാർമോണിയം ഉപയോഗിച്ചിരുന്നു എങ്കിലും) ഈ സംഗീത സമ്പ്രദായങ്ങളിൽ
അന്യമായിരുന്നു. ഉണർവു പ്രസ്ഥാനങ്ങളുടെ ഉപോത്പന്നങ്ങളായ ബ്രദറൻ-പെന്തക്കോസ്തു
പ്രസ്ഥാനങ്ങളും, ഓർത്തഡോക്സ് പാരമ്പര്യത്തിൽ നിന്നുള്ളവർ ആയതു കൊണ്ട് ഉപകരണ
സംഗീതത്തോട് വലിയ ആഭിമുഖ്യം കാണിച്ചില്ല.
പക്ഷെ ഈ സ്ഥിതിക്കു മാറ്റം വന്നത്
ചില പെന്തക്കോസ്തു സഭാ സ്ഥാപകരുടെ വിദേശയാത്രക്കു ശേഷമാണ്. അവർ വിദേശങ്ങളിൽ സംബന്ധിച്ച
ക്യാമ്പ് മീറ്റിങ്ങളുടെ സംഗീതത്തിന്റെ അഭിഭാജ്യ ഘടകമായിരുന്ന തമ്പേർ എന്നു
വിളിക്കുന്ന പാശ്ചാത്യ സംഗീത ഉപകരണം. ഇതിനു ഫ്രഞ്ച് ഭാഷയിൽ timbre (ടാമ്പ്ര്) എന്നായിരുന്നു പേർ. ചില ക്യാമ്പു യോഗങ്ങൾക്കു ശേഷം എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ
അവിടെ ഉപയോഗിച്ചിരുന്ന തമ്പേറും പ്രദർശിപ്പിക്കുമായിരുന്നു. ഈ ക്യാമ്പ് യോഗങ്ങളിൽ
പങ്കെടുത്തു തിരിച്ചു വന്നവർ കേരളത്തിൽ തമ്പേർ പ്രചാരത്തിൽ വരുത്തി. ഈ വിദേശിയുടെ
ഉൽപാദനവും, വിതരണവും പ്രധാനമായും കുമ്പനാട് കേന്ദ്രീകരിച്ചുമായിരുന്നു.
പക്ഷെ തമ്പേറല്ലാതെ വേറൊരു
ഉപകരണങ്ങളും, ആരാധനയിൽ പെന്തക്കോസ്തുകാർ അനുവദിച്ചില്ല, മാത്രമല്ല വിലക്കുകയും
ചെയ്തു. പഴയ കാലത്തെ സംഗീതജ്ഞരായ പല വേർപാടു വിശ്വാസികൾക്കും സഭകളിൽ അവർ അനുഭവിച്ച
അവജ്ഞയുടെ കഥ വേദനയോടെ ഓർക്കാനുണ്ട്.
പക്ഷെ ഈ സ്ഥിതിക്കു മാറ്റം വന്നത്
വേർപാടു സഭകളുടെ, പ്രത്യേകിച്ച് പെന്തക്കോസ്തു സഭകളിലെ രണ്ടാം നേതൃത്വ നിരയുടെ
വിദേശ പരിചയമാണ്. സംഗീതത്തിൽ പ്രത്യേകാൽ ഉപകരണ സംഗീതത്തിൽ പ്രാവീണ്യം ഉണ്ടായിട്ടും
അതു ആരാധയിലോ, സഭകുളുടെ പ്രവർത്തനങ്ങളിലോ ഉപയോഗിക്കാൻ കഴിയാത്ത ഒരു തലമുറ
വീർപ്പുമുട്ടി കഴിയുകായിരുന്നു. വിദേശ പഠനത്തിനു ശേഷം തിരിച്ചു വന്ന ഈ
യുവനേതാക്കന്മാർ ഉപകരണ സംഗീതം ഒരു പരിമിതിയല്ല, സാദ്ധ്യതയാണ് എന്നു പാശ്ചാത്യ
സഭകളുടെ മാതൃക കണ്ടു മനസ്സിലാക്കി, സ്വന്തം നാട്ടിൽ തിരിച്ചെത്തി യുവ ക്രൈസ്തവ
സംഗീതജ്ഞരെ കണ്ടെത്തി അവരെ ഉപയോഗപ്പെടുത്തി. അവർ കണ്ടെത്തിയ പ്രതിഭകളായിരുന്ന ജെ.
വി. പീറ്റർ, നിർമലാ പീറ്റർ, ഭക്തവത്സലൻ തുടങ്ങിയവർ.
പക്ഷെ കേരളത്തിലെ ക്രൈസ്തവ
സംഗീതത്തിനു പിന്നെയും ഒരു വഴിത്തിരവുണ്ടായി. ആരാധനക്കും, ആശ്വാസത്തിനും,
വ്യക്തിപരമായ പ്രാർത്ഥനക്കും മാത്രമാണ് ക്രൈസ്തവ സംഗിതം എന്നതിൽ നിന്നും
വ്യത്യസ്തമായി തെരുവിലും, ചന്തസ്ഥലത്തും, സിനിമാഗാനങ്ങൾ പാടി നടക്കുന്ന യുവാക്കന്മാരോട്
സുവിശേഷം പറയാനും ക്രൈസ്തവ സംഗീതത്തിനു കഴിയും എന്ന തിരിച്ചറിവാണിത്. ഈ
പ്രസ്ഥാനത്തിൽ പേരെടുത്തു പറയേണ്ട വ്യക്തിയാണ് പഴഞ്ഞിയിലെ ഇട്ട്യേര ഉപദേശി. ഇട്ട്യേര
ഉപദേശി സിലോൺ പെന്തക്കോസ്തു സമൂഹത്തിന്റെ ചുവയുള്ള ബ്രഹ്മചാരി ആയിരുന്നെങ്കിലും
അദ്ദേഹത്തിന്റെ പാട്ടുകൾ പലതും, ഹിന്ദി സിനിമാ പാട്ടുകളുടെ പാരഡികളായിരുന്നു.
അതല്ലാതെയുള്ള ഇട്ട്യേര ഉപദേശിയുടെ പല പാട്ടുകളുടെയും സംഗീതം ചിട്ടപ്പെടുത്തിയത്
കർമം കൊണ്ട് പഴഞ്ഞിക്കാരനായിരുന്ന ഭക്തവൽസലനാണ്. സെക്കുലർ സംഗീത രംഗത്ത് പാടി
നടന്ന ഭക്തവൽസലൻ നാടകീമായ വിധത്തിൽ ദൈവ സ്പർശനമേറ്റു ക്രിസ്തുവിനു വേണ്ടി മാത്രമേ
പാടുകയുള്ളു എന്നു സമർപ്പിച്ചപ്പോൾ, ആ താലന്തിനെ ഉപയോഗപ്പെടുത്താൻ തയ്യാറായി ചിലർ
പഴഞ്ഞിയിൽ രംഗത്തു വന്നു. ഭക്തവൽസനെ മുൻ നിർത്തി ആരംഭ കൂറിച്ച ക്രിസ്ത്യൻ ആർട്സ്
സെന്ററിന്റെ തലതൊട്ടപ്പന്മാരിൽ
പ്രമുഖർ മർത്തോമാ സഭയിലെ പ്രമുഖരും സുവിശേഷ സ്നേഹികളായുമായ തെക്കേക്കര
കുടുംബമായിരുന്നു.
ക്രൈസ്തവ സംഗീതം തെരുവിലേക്കു
ഒഴുകാനും, അനേകരെ കർത്താവിങ്കലേക്കു ആകർഷിക്കാനും വിധത്തിൽ സംഗീതത്തിന്റെ സാധ്യത
വിപുലമാക്കിയതിൽ ഈ കൂട്ടകെട്ടു വഹിച്ച പങ്ക് അവഗണിക്കാനാവില്ല. പക്ഷെ ഈ
പ്രസ്ഥാനത്തെ സമ്പന്നമാക്കിയത് സ്വന്തമായി രചിച്ചു സംഗീത സംവിധാനം നടത്തി
ഭക്തവൽസലൻ പാടിയ ഗാനങ്ങളാണ്. രക്ഷാ സന്ദേശം മാത്രമല്ല, സാന്മാർഗികതയും
ഭക്തവൽസലന്റെ ഗാനങ്ങളുടെ പ്രമേയം ആയതു ഇതു കൊണ്ടാണ്. ചാരായം കുടിക്കുരുതേ എന്ന
ഗാനം പാടിയത് ആൾത്താരയിൽ പാടാനല്ല, മദ്യക്കടകളുടെ നടുമുറ്റത്ത് പാടാനാണ് രചിക്കപ്പെട്ടത്.
ഭക്തവൽസലന്റെ സംഗീതത്തിൽ വേറിട്ടു
നിൽക്കുന്നത് അതിന്റെ ചടുലതയും, ഊർജവുമാണ്. കെ. വി. സൈമൺ മുതലായ ഗാനരചയിതാക്കളുടെ
ശാസ്ത്രീയ സംഗീതത്തിന്റെ ചുവടുപിടിച്ച സംഗീതത്തിലും, കൊച്ചു കഞ്ഞു ഉപദേശി
മുതലായവരുടെ ശോകരസചുവയുള്ള സംഗീതത്തിൽ നിന്നും, തന്റെ സമകാലീനരുടെ സംഗീതത്തിലും
കാണാത്ത ഒരു പ്രത്യേകതാണ് ഇത്. ഇതിന്റെ കാരണം അന്വേഷിച്ചാൽ നാം എത്തിച്ചേരുന്നത്,
പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടൻ നഗരത്തിലാണ്.
ഇംഗ്ലണ്ടിലെ മെതഡിസ്റ്റ് സഭയിലെ
ശുശ്രൂഷകനായിരുന്ന വില്യം ബൂത്ത് ലണ്ടൻ നഗരത്തിൽ തെരുവു തെണ്ടികളായ, മദ്യത്തിനു അടിമകളായ,
അധിസ്ഥിത സമൂഹത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി ആരംഭിച്ച സാമുഹ്യപ്രസ്ഥാനമാണ്
രക്ഷാസൈന്യം. അതു പിന്നീടു ഒരു സഭയായി രൂപാന്തരം ചെയ്തു. മറ്റു ക്രൈസ്തവ സഭകളിൽ
നിന്നും പല വ്യത്യസ്തതകളുണ്ടായിരുന്ന ഈ സഭയുടെ ഒരു പ്രത്യേക അവരുടെ
സംഗീതമായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ മാതൃകയിൽ ചിട്ടപ്പെടുത്തിയ ഈ സഭയുടെ
സംഗീതവും സൈനീക ബാൻറിന്റെ ചുവടു പിടിച്ചായിരുന്നു. സൈന്യത്തിന്റെ മാർച്ചിനെ
അനുസ്മരിപ്പിക്കുന്ന സംഗീതമായിരുന്നു അവരുടേത്. കേരളത്തിലെ ക്രൈസ്തവ സഭയുടെ മുഖ്യ
ധാരയിൽ സ്ഥാനം ലഭിക്കാതെ ഈ പ്രസ്ഥാനം പാർശ്വീകരിക്കപ്പെട്ടതോടെ, ആ സവിശേഷമായ സംഗീത
പാരമ്പര്യവും നമുക്കു നഷ്ടമായി. പക്ഷെ, ഒരു രക്ഷാസൈന്യം കേണലിന്റെ മകനായി ജനിച്ച്,
ആ ക്രൈസ്തവ പാരമ്പര്യത്തിൽ വളർന്ന ഭക്തവൽസലനെ ആ സംഗീത പാരമ്പര്യത്തിൽ തുടിച്ചു
നിന്ന ചടുലതയും, ചൈതന്യവും കേരളത്തിന്റെ ക്രൈസ്തവ സംഗീത പാരമ്പ്യര്യത്തിൽ തുന്നി ചേർക്കാൻ
ദൈവം ഉപയോഗിച്ചു. അതു അദ്ദേഹത്തിന്റെ സമകാലീനരിൽ ആരിലും കാണാൻ കഴിയാത്ത അതുല്യമായ
ഒരു സവിശേഷതയാണ്.
രക്ഷാസൈന്യക്കാരനായി വളർന്ന്,
ബ്രദറുകരാരുടെയും, പെന്തക്കോസ്തുകാരുടെയും, മർത്തോമക്കാരുടെയും, മറ്റൂ സഭകളുടെയും
പ്രിയങ്കര ഗായകനായി മാറി, എല്ലാവരെയും ഒരു പോലെ കണ്ട, ഭക്തവൽസലൻ ആരുടെയും
കുത്തകയല്ലായിരുന്നു. കേരളത്തിലെ ക്രൈസ്തവ
സഭ പാരമ്പര്യ സംഗീതത്തിന്റെ ആലസ്യത്തിൽ നിന്നു ഉണരാൻ തുടങ്ങിയപ്പോൾ കണി കണ്ട ഒരു
നിധിയായിരുന്നു ആ സംഗീത പ്രതിഭ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്.