അരികൊമ്പൻ എന്ന ആനയെ പിടിച്ചു ചിന്നക്കനാലിൽ നിന്നും പറമ്പിക്കുളത്തേക്കു മാറ്റി പാർപ്പിക്കാൻ നീണ്ട വിവാദങ്ങൾക്കും കോടതി ഇടപെടലിനും ശേഷം അവസാനം നടപടികൾ തുടങ്ങി. അധികാരികൾ ഒടുവിൽ ഈ കാട്ടാനയെ പിടിച്ചു വേറൊരു കാട്ടിലേക്കു മാറ്റുന്നതോടെ മനുഷ്യരുടെ ജീവനും സ്വത്തിനും ഈ മൃഗം വരുത്തുന്ന നാശത്തിൽ നിന്നും മോചനം ആയേക്കാം. പക്ഷെ അതോടെ കാട്ടു മൃഗങ്ങളും മനുഷ്യരും തമ്മിലുളള സംഘർഷങ്ങളെ (Human-wild life conflicts) സംബന്ധിച്ച ചർച്ച അവസാനിച്ചു കൂടാ.
വന്യമൃഗങ്ങൾ മനുഷ്യരുമായി ഏറ്റു മുട്ടുന്നതിനു പല കാരണങ്ങൾ ഉണ്ട്. ആവാസവ്യവസ്ഥയിലെ തുലനം നഷ്ടപ്പെട്ടതാണ് പ്രധാന കാരണം. മനുഷ്യർ പെരുകുന്നതോടെ വന്യമൃഗങ്ങളുടെ വിഹാര സ്ഥാനങ്ങളിലേക്ക് ആളുകൾ താമസം തുടങ്ങുന്നു എന്നതു നിരസിക്കാനാവില്ല. മാത്രമല്ല, ഖനനം, വനസമ്പത്ത് കൊള്ള ചെയ്യൽ ഇതിനൊക്കെ വേണ്ടി ജനങ്ങൾ കാടുകളിലേക്കു കയറുന്നതും മനുഷ്യരും വന്യജീവികളും തമ്മിൽ ഏറ്റുമുട്ടലിനു സാദ്ധ്യതയുണ്ടാക്കുന്നു. ആഗോളതാപനം മുതലായ പ്രശ്നങ്ങൾ മൂലം, മൃഗങ്ങളുടെ നിലനിൽപ്പിനാവാശ്യമായ വെള്ളവും, ഭക്ഷണവും മറ്റും കാടുകളിൽ ഇല്ലാതെ വരുന്നതും മൃഗങ്ങളെ നാട്ടിലേക്കു ഇറക്കുന്നു എന്നതും അവഗണിക്കാനാവില്ല.
ഇത്തരം സംഘർഷങ്ങളെ ഒഴിവാക്കാൻ മനുഷ്യർ ഒഴിഞ്ഞു മാറണം എന്നതാണ് സാധാരണയായി നിർദേശിക്കപ്പെടുന്നത്. കാട്ടിൽ നിന്നും ഒഴിഞ്ഞു മാറി താമസിക്കുക, മൃഗങ്ങളെ ആകർഷിക്കുന്ന കൃഷികൾ ചെയ്യാതിരിക്കുക എന്നീ കാര്യങ്ങളാണ് സാധാരണയായി ചൂണ്ടി കാണിക്കുന്നത്.
ഇതു പോലുള്ള നിർദേശങ്ങളിലെ ഏറ്റവും വലിയ പ്രശ്നം ജീവനെയും സ്വത്തും സംരക്ഷിക്കാനുള്ള മനുഷ്യാവകാശത്തെക്കാൾ മൃഗത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കുക എന്ന ചിന്തയാണ്. ഭാരതീയമായ പല മത ദർശനങ്ങളും എല്ലാ ജീവജാലങ്ങൾക്കും തുല്യസ്ഥാനം നൽകുന്നുണ്ട്. മനുഷ്യരിൽ വ്യാപരിക്കുന്ന ജീവശക്തിയാണ് എല്ലാ ജീവികളിലും വ്യാപരിക്കുന്നത് എന്നാണ് ഈ വാദത്തിന്റെ പൊരുൾ. പക്ഷെ ഈ വാദത്തിന്റെ അടിസ്ഥാനത്തിൽ പോലും വന്യജീവി-മനുഷ്യസംഘർത്തിൽ മനുഷ്യരാണ് ഒഴിഞ്ഞു മാറേണ്ടത് എന്നു സമർത്ഥിക്കാനാവില്ല. കാരണം ഇതു ജീവന്റെ തുല്യത എന്ന പ്രമാണത്തിനു വിരുദ്ധമാണ്. തുല്യർക്കു തുല്യ അവകാശം മാത്രമല്ലു, തുല്യ ഉത്തരവാദിത്വവും ഉണ്ട്. മേൽ പറഞ്ഞ ഭാരതീയ ദർശനത്തിനു വിരുദ്ധമാണ് ഈ സംഘർഷങ്ങളുടെ ഉത്തരവാദിത്വം മനുഷ്യരുടെ മേൽ കെട്ടി വെക്കുന്നത്.
ബൈബിൾ ജീവന്റെ തുല്യത പഠിപ്പിക്കുന്നില്ല. പക്ഷെ മനുഷ്യരാണ് സൃഷ്ടിയുടെ മകുടം എന്നാണ് പഠിപ്പിക്കുന്നത് (സങ്കീ 8.6-8). മാത്രമല്ല, എല്ലാ സൃഷ്ടിയെയും നിയന്ത്രിക്കാനും സംരക്ഷിക്കാനും ദൈവം മനുഷ്യരെ നിയമിച്ചിരിക്കുന്നു (ഉൽ 1.28-31). അതായത് മനുഷ്യാവകാശങ്ങളും ജീവിജാലങ്ങളുടെ അവകാശങ്ങളും ഒരേ തലത്തിലായി കണ്ടു കൂടാ. അതേ സമയം ബൈബിൾ മനുഷ്യർ സൃഷ്ടിയുടെ മേൽനോട്ടക്കാരും സംരക്ഷകരുമാണ് എന്നും പഠിപ്പിക്കുന്നു. അകാരണമായി മരങ്ങൾ നശിപ്പിക്കരുതെന്നും വരെ ബൈബിൾ വ്യക്തമായി ഉപദേശിക്കുന്നുണ്ട് (ആവ 20.19-20.
ദൈവസൃഷ്ടിയായ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതിൽ നിന്നും മനുഷ്യർ പിന്മാറണം. ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന അത്യാഗ്രഹവും, ഭൌതീകാസക്തിയും പാപമാണ്. പക്ഷെ മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി മനുഷ്യാവകാശങ്ങളെ നിരാകരിക്കുന്നതും തെറ്റാണ്.
അമിതമായ മൃഗസംഖ്യയാണ് ചില സ്ഥലങ്ങളിൽ സൃഷ്ടിയുടെ തുലനത നഷ്ടപ്പെടുത്തുന്നത്. ആ സ്ഥലങ്ങളിൽ മൃഗസംഖ്യ പരിമിതകൾക്കുള്ളിൽ നിർത്താൻ സൃഷ്ടിയുടെ മകുടവും സംരക്ഷകരുമായ മനുഷ്യർക്കു ഉത്തരവാദിത്വമുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും ഇതു സംബന്ധിച്ചു നിയമങ്ങൾ ഉണ്ട്. ഉദാഹരണത്തിനു കാട്ടു താറാവുകൾ ബ്രീട്ടീഷ് രാജകുടുംബത്തിന്റെ സ്വത്തായാണ് കണക്കാക്കുന്നത്. അവയെ കൊല്ലുന്നത് നിയമ ലംഘനമാണ്. പക്ഷെ അവ പെറ്റു പെരുകിയാലുണ്ടാകുന്ന പ്രശ്നം ഒഴിവാക്കാൻ മുട്ടകൾ നിർവീര്യമാക്കുവാൻ നിയമമുണ്ട്. മുട്ടകൾ കണ്ടെത്തി നശിപ്പിച്ചാൽ അടയിരിക്കാൻ കഴിയാതെ വരുന്ന താറാവുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം എന്നതു കൊണ്ടാണ് അവ വിരിയാതിരിക്കാനായി നിർവീര്യമാക്കുന്നത്. കാട്ടു താറാവുകൾ മനുഷ്യർക്കും, ആവാസവ്യവസ്ഥക്കും ഒരു ഭീഷണിയാകാതിരിക്കാനാണിത്. അതു പോലെ പാശ്ചാത്യ രാജ്യങ്ങളിൽ മാൻ, കാട്ടു പോത്തു എന്നിവയെ ചില സമയത്ത് നിശ്ചിത എണ്ണത്തെ മാത്രം ലൈസൻസെടുത്ത് വെടിവെക്കാൻ നിയമമുണ്ട്.
മനുഷ്യരുടെ ജനന നിയന്ത്രണം ഏർപ്പെടുത്തുന്ന രാജ്യങ്ങൾ എന്തു കൊണ്ട് പ്രകൃതിക്കും, മനുഷ്യർക്കും അപകടകരമായ വിധത്തിൽ പെരുകുന്ന മൃഗസംഖ്യ നിയന്ത്രിക്കാൻ വിസമ്മതിക്കുന്നു?
അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കാടുകളെ സംരക്ഷിക്കുക മാത്രമല്ല അവയെ വൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ചും, തണ്ണീർ തടങ്ങളും, മറ്റും നിർമിച്ചും സമ്പുഷ്ടമാക്കാൻ മനുഷ്യർക്കു ഉത്തരവാദിത്വമുണ്ട്. കാട്ടിൽ ചക്കയും മാങ്ങയും ഇഷ്ടം പോലുണ്ടായിരുന്നെങ്കിൽ അരിക്കൊമ്പൻ പത്തു കിലോമീറ്റർ കാട്ടിൽ നിന്നും നടന്നു അടുക്കളകളും, റേഷൻ കടകളും നശിപ്പിക്കയില്ലായിരുന്നു.
അരിക്കൊമ്പനെ മാറ്റി പാർപ്പിച്ചുതു കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. വിശപ്പു മൂക്കുമ്പോൾ വേറോരു ആന അരിക്കൊമ്പനായി മാറും. എന്നാലും, കാട്ടു പന്നിയും, കുരങ്ങും, പുലിയും നമ്മളെ വേട്ടയാടി കൊണ്ടേ ഇരിക്കും. ഈ സംഘർങ്ങളെ കൈകാര്യം ചെയ്യാൻ മനുഷ്യന്റെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉൾക്കൊള്ളുന്ന മനോഭാവവും, നിയമങ്ങളുമാണ് ആവശ്യം.

വളരെ ശരി!
മറുപടിഇല്ലാതാക്കൂ