ക്രൈസ്തവ ലോകത്തു ഇന്നു പരന്നു പിടിച്ചിരിക്കുന്ന ഒരു മാരക വ്യാധിയാണ് വിശ്വാസം എന്നതിനെ സംബന്ധിച്ച തെറ്റിദ്ധാരണകൾ. ഇതിന്റെ ദൂഷ്യ വശങ്ങളിൽ ചിലതു ചൂണ്ടി കാണിക്കാനുള്ള ശ്രമമാണ് ഈ വരികൾ.
വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പെ ഒരു സംഭവ കഥ പറയട്ടെ. വിഷയത്തിന്റെ
ഗൌരവം മനസ്സിലാക്കാൻ ഇതു സഹായിച്ചേക്കും. എന്റെ ഒരു ആത്മീയ സഹോദരന്റെ അമ്മ ഈയിടെ
മരിച്ചു. മരണവും ശവസംസ്കാരവും കഴിഞ്ഞ ശേഷമാണ് ഞാൻ മരണകാരണം എന്തായിരുന്നു എന്നു ഞാൻ
അന്വേഷിച്ചത്. അതു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. 70 വയസ്സു കഴിഞ്ഞ ആ അമ്മ
സാധാരണ കഴിക്കുന്ന മരുന്നും, ഭക്ഷണവും വെടിഞ്ഞ് ഉപവസിച്ചാണ്
മരിച്ചത്. ചെറിയ തോതിൽ ദുഷ് സ്വഭാവങ്ങളുള്ള തന്റെ മകന്റെയും, കൊച്ചുമകന്റെയും മാനസാന്തരം ഉണ്ടാകുന്നതു വരെ ഉപവസിച്ചു പ്രാർത്ഥിക്കും
എന്ന തീരുമാനത്തിൽ ഉറച്ചു നിന്നതാണ് മരണകാരണം. മരണം വരെ ഉപവസിക്കും എന്നു
സത്യാഗ്രഹക്കാർ പറയുന്നതു നിങ്ങൾ കേട്ടു കാണും. പക്ഷെ ദൈവത്തെ താൻ പിടിച്ചിടത്തു
കൊണ്ടു വരാനായി ഉപവസിച്ചു മരിച്ചവരെ കുറിച്ചു കേട്ടിട്ടുണ്ടോ.
എന്റെ കാഴ്ചപ്പാടിൽ അവർ വിശ്വാസത്തിലല്ല, വാശിയിലാണ് അന്ത്യം കൈക്കൊണ്ടത്.
ഇതാണ് ഇന്നു പലർക്കും വിശ്വാസം. അതായത് ഇന്നു പലരും കൊണ്ടു നടക്കുന്ന വിശ്വാസം ഒരു
തരം വാശിയാണ്. പല ദുരന്തങ്ങളുടെയും കാരണം ഇത്തരം വഴി തെറ്റിയ വിശ്വാസമാണ്.
വിശ്വസിച്ചാൽ മാത്രം മതി, രോഗത്തെ ശാസിച്ചാൽ രോഗസ്വഖ്യം
വരും എന്നൊക്കെ പറഞ്ഞ് ചികിത്സ വേണ്ടെന്നു വെച്ചു ജീവിക്കുന്ന കാൻസർ രോഗികളെ ഞാൻ
കണ്ടിട്ടുണ്ട്. രോഗം നിയന്ത്രണാധീനമാകുമ്പോൾ അവർ നെട്ടോട്ടം ഓടാൻ തുടങ്ങും. ചില വ്യാജ രോഗ ശാന്തിക്കാരുടെ അടുക്കൽ ചെന്നു രോഗം
മാറി എന്നു വിശ്വസിച്ചു ജീവിക്കുന്നവരും ഉണ്ട്. പിന്നീട് രോഗം ഗുരുതരമാകുകയും,
നിയന്ത്രണാധീതമാകാകുകുയും ചെയ്യുമ്പോഴാണ് കണ്ണു തുറക്കുന്നത്.
ഈ അമ്മയുടെ അൻപതു വയസ്സിനു മുകളിലുള്ള ഒരു മകൾ ഇന്നും അവിവാഹിതയാണ്, ഒന്നു
രണ്ടു വർഷങ്ങളായി അവർ രോഗിയുമാണ്. ഇനി വിവാഹത്തിനുള്ള സാദ്ധ്യത തീരെ ഇല്ലതാനും.
ഇരുപതു വർഷം മുമ്പ് ഞാൻ ഈ യുവ സുന്ദരിയെ പരിചയപ്പെടുമ്പോൾ പല നല്ല വിവാഹ ആലോചനകളും
ഇവർക്കു വരുമായിരുന്നു. അതൊന്നും ഇഷ്ടപ്പെടാതെ തന്റെ വിശ്വാസ പ്രകാരമുള്ള ഒരു
യുവാവ് വരുമെന്നും വിശ്വസിച്ച് അതിനായി കാത്തിരുന്നു ഒരു നല്ല ആയുസ്സു ഈ യുവതി
നഷ്ടപ്പെടുത്തി.
നാം ആഗ്രഹിക്കുന്നത് ആഗ്രഹിക്കുന്നതു പോലെ സംഭവിക്കാൻ അതു അപ്രകാരം
സംഭവിക്കുമെന്നു സ്വയം വിശ്വസിപ്പിക്കുക, അങ്ങിനെ ആകും എന്നു ആവർത്തിച്ചു
പറയുക എന്നതൊക്കെയാണ് ഇത്തരക്കാരുടെ രീതികൾ. പറ്റുമെങ്കിൽ അതൊക്കെ സാക്ഷ്യം
പറയുകയും, പ്രസംഗിക്കുകയും ചെയ്യുകയും ചെയ്യുന്നത് ഇന്നു സർവ
സാധാരണമാണ്.
ഇവർക്കു വിശ്വാസം എന്നു പറയുന്നത് ഒരു വാശിയാണ്, ശാഠ്യമാണ്.
പക്ഷെ വാശിയല്ല വിശ്വാസം.
ഇതൊക്കെ ഉണ്ടാക്കുന്ന
ദുരന്തങ്ങൾ ചില്ലറയല്ല. ചിലർ നല്ല ജീവിതം നശിപ്പിക്കുന്നു. ചിലർ മറ്റുള്ളവരുടെ
ജീവിതം കുളമാക്കുന്നു. ചിലർ ഇതു കൊണ്ടു നേടുന്നത് അവരുടെയും മറ്റുള്ളവരുടെയും
വിശ്വാസ ത്യാഗമാണ്. പലപ്പോഴും, അവർ ശഠിക്കുന്ന പോലെ കാര്യങ്ങൾ സംഭവിക്കാതെ വരുമ്പോൾ
അവർക്കു ദൈവത്തിലുള്ള വിശ്വാസം മുഴുവനായി നഷ്ടമാകുന്നു.
അങ്ങിനെ വിശ്വാസത്തിന്റെ കപ്പൽ ചേതം വന്ന എത്രയോ സംഭവങ്ങൾ നാം
കണ്ടിട്ടുണ്ട്.
ഞാൻ ആവർത്തിച്ചു പറയാൻ ആഗ്രഹിക്കുന്നത് ഇതു മാത്രമാണ്. വിശ്വാസം വാശിയും
ശാഠ്യവുമല്ല. പിന്നെന്താണ് വിശ്വാസം എന്ന ചോദ്യം ഉദിക്കുന്നു. അതിന്റെ ഉത്തരം
ലളിതമാണ്.
ദൈവ ഹിതം തിരിച്ചറിഞ്ഞു അതിൽ അടി ഉറച്ചു നിൽക്കുന്നതാണ് വിശ്വാസം.
ദൈവഹിതം വ്യക്തമല്ലാത്ത സാഹചര്യത്തിൽ പൂർണമായും ദൈവഹിതം, ദൈവ നാമത്തിന്റെ
മഹത്വത്തിനായി നിറവേറട്ടേ എന്നു സമർപ്പിക്കുന്നതാണ് ശരിയായ വിശ്വാസം.
നേരത്തെ പറഞ്ഞ ചില ഉദാഹരണങ്ങൾ തന്നെ നമുക്കു ഈ വെളിച്ചത്തിൽ പുനപരിശോധന
ചെയ്യാം.
വിശ്വാസത്തിന്റെ പേരിൽ അവിവാഹിതയായി കഴിഞ്ഞ യുവതിയുടെ കാര്യം എടുക്കാം.
ദൈവ ഹിതം തിരിച്ചറിഞ്ഞ്, തന്റെ ഹിതമല്ല ദൈവ ഹിതമാണ് ഏറ്റവും നല്ലത് എന്നു
വിശ്വസിക്കാനുള്ള വിനയം അവർക്കുണ്ടായിരുന്നു എങ്കിൽ ഈ ദുരന്തം അവർക്കു
വരികയില്ലായിരുന്നു.
എന്റെ ഹിതം പോലെ അല്ല എൻ പിതാവേ എൻ യഹോവേ എന്നും ഏതു ഗുണം എന്നറിവാൻ ഇല്ല
ജ്ഞാനം എന്നിൽ നാഥാ എന്നും ഒക്കെ പാടി ആരാധിച്ച പഴയ തലമുറയിലെ വിശുദ്ധന്മാർ
വിഡ്ഡികളായിരുന്നില്ല, അവർ ദൈവീക വിഷയങ്ങളിൽ സമ്പന്നരായിരുന്നു. അവർ ദൈവത്തിൽ
നിന്നും പ്രാപിച്ച ആത്മീയ ജ്ഞാനത്തിൽ നിന്നും നാം എന്തേ ഇത്ര അകലം മാറി
സഞ്ചരിക്കുന്നത്.
ദൈവഹിതത്തിനു സമർപ്പിക്കുയാണ് വേണ്ടത്. നമ്മുടെ ഹിതത്തിലേക്കു ദൈവത്തെ
വലിച്ചിഴക്കാൻ വാശി പിടിക്കുകയല്ല വേണ്ടത്. സർവാധികാരിയായ ദൈവത്തിന്റെ ഹിതം
മാത്രമേ ഈ ലോകത്തിലും പരലോകത്തിലും സംഭവിക്കുകയുള്ളു.
ഒരു ഭക്തനായ മനുഷ്യൻ മാരകമായ രോഗം ബാധിച്ച് മരണത്തിലേക്കു നീങ്ങുന്നു.
പക്ഷെ, ദൈവനാമത്തിന്റെ മഹത്വത്തിനായി ദൈവം തനിക്കു അത്ഭുത രോഗ സൌഖ്യം നൽകും
എന്നതാണ് ദൈവഹിതം എന്നു ആ ഭക്തൻ മനസ്സിലാക്കി അതിനായി കാത്തിരിക്കുന്നത് വാശിയല്ല,
യഥാർത്ഥ വിശ്വാസമാണ്. അതു പോലെ തന്റെ രോഗം ദൈവം തന്റെ ഈ ലോകത്തിലെ
യാത്രയുടെ അന്ത്യം കുറിച്ച് നിത്യതയിലേക്കുള്ള പ്രവേശന വാതിലാണ് എന്നു
തിരിച്ചറിഞ്ഞ് സമർപ്പിച്ചു കാത്തിരിക്കുന്നതും, പ്രത്യാശയോടെ
മരിക്കുന്നതും പരാജയമല്ല. അതു വിശ്വാസത്തിന്റെ വൻ വിജയമാണ്.
ദൈവം സകലവും തന്റെ ഹിതത്തിനു അനുസരണമായി ചെയ്യുന്നു. സർവ ശക്തനായ ദൈവത്തെ
ചോദ്യം ചെയ്യാൻ നമുക്കു അവകാശമില്ല. ഈ ബോധ്യം ഉടലെടുക്കുമ്പോഴാണ് ആത്മീയ ജീവിതം
സാദ്ധ്യമാകൂ. അനുസരണം, വിനയം, സമർപ്പണം ഇതൊക്കെയാണ്
വിശ്വാസത്തിന്റെ ചേരുവകൾ. ഇതില്ലാത്തത് വിശ്വാസമല്ല, ഒരു തരം
ചീഞ്ഞ വാശിയാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്.